നാവ്

ചെറുപ്പം മുതലേ ഞാൻ
ഒറ്റ നാവുള്ളവൻ ആയിരുന്നു
കുറുനാവല്ല , ഒരു നീളൻ
ചുവന്ന നാവ്

ഒരു നാവോ , അതിനിത്ര
അത്ഭുതം എന്ത്?
മറു ചോദ്യം
ശരിയാണ് ഒരു നാവ്
ഒരു നീളൻ നാവ്

പലരും ഏകനാവ്
ജീവികൾ ആയിരുന്നു
രണ്ടു നാവുള്ളവർ
അത് അറിഞ്ഞതും ഇല്ല

സ്വാർഥമായി പിണഞ്ഞു
മതിലുകൾ തീർക്കുന്ന
നീളൻ നാവ്

അസാധാരണമാം വിധം
ശബ്ദമുയർത്തിയ
മൂർച്ചയുള്ള
ഇരട്ട നാവുകൾ

വൻമതിലുകളിൽ
സ്വാതന്ത്ര്യം പ്രഖ്യാപിക്കുന്ന
ജീവനുള്ള
ഇരട്ട നാവുകൾ.

നായാട്ടിന്റെ രാഷ്ട്രീയം

നായാട്ട് ശക്തമായ രാഷ്ട്രീയം പറയുന്ന സിനിമകളില്‍ ഒന്ന്. ആദ്യം മുതലേ എടുത്തു നോക്കിയാല്‍ കാണാം സിനിമ പറയാന്‍ ഉദ്ദേശിക്കുന്നത് എന്താണ് എന്ന് .നായാട്ട് കൂടുതലായി ചർച്ച ചെയ്യപ്പെടുന്നതും അതുകൊണ്ട് ആണ്. പോലീസ് കൊട്ടേഷൻ എന്ന് വിശേഷിപ്പിച്ച,അധികാരം ഉണ്ടെങ്കില്‍ എന്തും ചെയ്യാം എന്ന് പറഞ്ഞു വെക്കുന്ന ആദ്യ ഭാഗത്തെ രംഗം.ഈ കിടക്കുന്ന ആളും നമ്മളും തമ്മില്‍ വലിയ ദൂരമില്ല എന്ന് പറയുന്ന പോലീസ് ഉദ്യോഗസ്ഥൻ.
അന്വേഷണം ഏൽപ്പിച്ചവർ തന്നെ അവസാന നിമിഷം തനിക്ക് എതിരെ തിരിഞ്ഞത് നിസ്സഹായമായി നോക്കി നിന്ന പോലീസ് ഉദ്യോഗസ്ഥ.തുടങ്ങിയ ഒരുപിടി നിമിഷങ്ങള്‍.ഈ പറഞ്ഞത് എല്ലാം വിരൽ ചൂണ്ടുന്നത് ഭരണകൂടത്തിന്റെ അധികാര കിരീടത്തിലേക്ക് ആണ്.നിയമ സംവിധാനത്തെക്കാൾ ശക്തമായ ഭരണകൂടത്തിലേക്ക്.


നായാട്ട് പറയുന്നത് അധികാരത്താൽ വേട്ടയാടപ്പെടുന്ന ഒരു കൂട്ടം മനുഷ്യരുടെ കഥ ആണ്.അത് കൊണ്ട് തന്നെ ആകും മുൻനിര കഥാപാത്രങ്ങള്‍ ദളിതര്‍ ആയത്. ഭരണകൂടത്താൽ അത്രമേൽ തിരസ്കരണം അനുഭവിക്കുന്ന വേറൊരു വിഭാഗം ഉണ്ടാവില്ല.ഒരു വാഗ്ദാനം കൊണ്ട് നിയന്ത്രിക്കാന്‍ കഴിയുന്ന മനുഷ്യർ.ആദ്യത്തെ പ്രശ്നം ഉണ്ടാകുമ്പോള്‍ സ്കൂള്‍ അനുവദിക്കാം എന്നൊരു ഉറപ്പ് കൊണ്ട് മുഴുവന്‍ വിഭാഗത്തെ അനുനയിപ്പിച്ച് നിർത്തുന്നുണ്ട് സിനിമയില്‍.തങ്ങൾക്ക് ഇഷ്ടം ഉള്ളത് പോലെ മെരുക്കി എടുക്കാം എന്നത് കൊണ്ട് തന്നെ മുതലെടുപ്പ് രാഷ്ട്രീയ കാരുടെ പ്രിയപ്പെട്ടവർ. ഈ മുതലെടുപ്പ് വീരർക്ക് വേണ്ടി എന്തും ചെയ്യാന്‍ തയ്യാറായ കുറച്ചു ആളുകള്‍ ഈ വിഭാഗത്തില്‍ നിന്നും ഉണ്ടാകും.അധികാരത്തിനും സമ്പത്തിനും കാവൽക്കാരായി ഒടുവില്‍ തഴയപ്പെടുന്നവർ.സിനിമയി തന്നെ വോട്ടിന്റെ എണ്ണം നോക്കിയാണ് കൂടെ നിർത്തുന്നത്. എക്കാലവും കീഴില്‍ നിൽക്കാൻ, പറഞ്ഞും ചെയ്തികളിലൂടെയും പഠിപ്പിക്കുന്ന മുതലെടുപ്പുകാരെ തുറന്നു കാട്ടുകയാണ് നായാട്ട്.

പക്ഷെ ഒരു തരത്തില്‍ ദളിത് വിരുദ്ധമായും സിനിമയെ നോക്കി കാണാം.ജാതി സംവരണം എന്താണ് എന്തിന് വേണ്ടിയാണ് എന്ന് പോലും അറിയാതെ, സംവരണം എടുത്തു കളയണം എന്ന് പറയുന്ന ഒരു വിഭാഗം ഉള്ളപ്പോൾ തീർച്ചയായും അവർക്ക് നായാട്ട് ദളിതന്റെ അധികാരത്തില്‍ ഉള്ള പിടിപാട് തുറന്നു കാണിക്കുന്ന സിനിമ ആകുന്നു.മറ്റ് ചിലരും കൂടെ ചേരുന്നു.ഇങ്ങനെ ചിന്തിക്കുന്ന ഒരു സമൂഹത്തില്‍ അതുകൊണ്ട് ആണ് നായാട്ട് ദളിത് വിരുദ്ധം ആണ് എന്ന് പറയേണ്ടി വരുന്നത്.പ്രത്യേകിച്ച് ഒരു മുന്നേറ്റത്തിന്റെ പാതയില്‍ ദളിതർ എത്തി നില്‍ക്കുമ്പോള്‍.

എല്ലായിടത്തും ഉള്ള പോലെ ദളിത് എന്നത് കാര്യങ്ങള്‍ സാധിക്കാൻ മാത്രമായി ജാതി കോളത്തില്‍ കൊണ്ട് നടക്കുന്ന ചിലരും ഉണ്ട്. എന്നാല്‍ ഇക്കൂട്ടര്‍ തുലോം തുച്ഛമാണ് എന്നതാണ് വസ്തുത.ബാക്കി സിംഹ ഭാഗം വരുന്ന വ്യക്തികള്‍ ഇന്നും അധികാര സിരാകേന്ദ്രത്തിന് താഴെ മുന്നോട്ട് വളരാന്‍ ശ്രമിക്കുന്നവർ ആണ്.എല്ലാ ജാതികളെ പോലെ ദളിതരും ഒരു വോട്ട് ബാങ്ക് ആണ്. അതുകൊണ്ട് തന്നെ ഒരു സംസ്ഥാനം സ്തംഭിപ്പിക്കാൻ വേണ്ട സംഘടന ശക്തി ഇല്ലെങ്കിലും രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ഇതൊരു അവസരം ആണ്.

ഇനി സിനിമയിലേക്ക് തിരിച്ചു വന്നാല്‍, ഭരണകൂട അധികാരം ആണ് സിനിമയുടെ കാതലായ രാഷ്ട്രീയം. എന്തിനും ഏത് വിധേനയും നിയമത്തെ വളച്ച് ഓടിക്കാന്‍ തീവ്രമായ കക്ഷി രാഷ്ട്രീയം. തങ്ങളുടെ നിലനിൽപ്പിനായി മാത്രം നിലകൊള്ളുന്ന രാഷ്ട്രീയ നേതാക്കള്‍.ജനാധിപത്യം എന്ന് പറയുമ്പോഴും രാഷ്ട്രീയ ആധിപത്യം വെച്ചു പുലര്‍ത്തുന്ന ജനങ്ങള്‍.നായാട്ട് ഒരിക്കലും അവസാനിക്കുന്നില്ല അധികാരം ഉള്ളിടത്തോളം സമൂഹത്തില്‍ വേർതിരിവ് നിലനില്‍ക്കുന്നിടത്തോളം വേട്ട തുടരുകയും രക്തം പൊടിയുകയും ചെയ്യും.

Shadow (2018)

Language : Mandarin

Director : Zhang Yimou



ചൈനീസ് രാജഭരണ കാലത്ത് രാജാക്കന്മാരും അതുപോലെ ഉയർന്ന സ്ഥാനം വഹിക്കുന്നവരും തങ്ങളുടെ ശത്രുക്കളെ തെറ്റിദ്ധരിപ്പിക്കാൻ വേണ്ടി അവരുടെ രൂപസാദൃശ്യമുള്ള മറ്റൊരു വ്യക്തിയെ ഷാഡോ അഥവാ നിഴലുകള്‍ ആയി ഉപയോഗിച്ചിരുന്നു. നിഴലുകളായി ജീവിച്ചിരുന്നവർ അവരുടെ യജമാനന്മാർക്കായി ജീവൻ ത്യജിക്കാൻ പോലും തയ്യാറായിരുന്നു.ഇത്തരത്തിൽ ഉള്ള ഒരു നിഴലിന്റെ കഥയാണ് ചൈനീസ് ചിത്രമായ ഷാഡോ പറയുന്നത്.

ചിത്രത്തിന്റെ കളർ ഗ്രേഡിങ് പോലും ഇത്തരത്തില്‍ ആണ് ഒരുക്കിയിരിക്കുന്നത്.ഇടക്കിടെ പെയ്യുന്ന മഴയും മഴക്കൊപ്പം കൂടുന്ന പശ്ചാത്തല സംഗീതവും വല്ലാത്തൊരു മൂഡാണ് ഉണ്ടാക്കുന്നത്.കൂടെ എടുത്തു പറയേണ്ടത് ഇതിലെ വിഷ്വൽസാണ്, കറുപ്പും വെളുപ്പും ചേര്‍ന്ന് തരുന്ന ഭംഗി.

ഷാഡോ എന്നത് മുൻനിർത്തി മനുഷ്യന്റെ മറ്റൊരു വശം കൂടി സംവിധായകന്‍ മുന്നോട്ട് വെയ്ക്കുന്നുണ്ട്.തന്റെ വളഞ്ഞ വഴിയിലൂടെ രാജപദവി നിലനിര്‍ത്താന്‍ ശ്രമിക്കുന്ന രാജാവ് മുതൽ ചിലത് നേടാന്‍ ശരിയോ തെറ്റോ എന്നൊന്നും ഇല്ല എന്ന് പറയുന്ന സൈനാധിപന്റെ ഭാര്യ വരെ കാണിച്ച് തരുന്നത് ഈ നിഴലായ മനുഷ്യ വശം തന്നെയാണ്.അധികാരവും ചതിയും പ്രണയവും പ്രതികാരവും എല്ലാം ഒരു മഴ പെയ്തു തീരുന്നത് പോലെ മനോഹരമായി അവതരിപ്പിച്ചിട്ടുണ്ട് സംവിധായകന്‍.അതുകൊണ്ട് ആണ് ഷാഡോ വെറുമൊരു പ്രതികാര ചലച്ചിത്രം ആയി മാറാതെ മികച്ചൊരു ആസ്വാദനം ആകുന്നത്.തീർച്ചയായും മികച്ചൊരു സിനിമ കാഴ്ചയാണ് ഷാഡോ സമ്മാനിക്കുന്നത് .

SOME OLD POSTS


……………………………..
ആ ശിശിര കാലത്ത്
നിന്നെ ചുംബിച്ച് കടന്നു
പോയത് ഒരു വസന്ത
കാലത്തിന്റെ
ഓർമ്മകളിലാണ്…
……………………………..
ഓർമ്മകൾ അത്ര മേൽ
പീഡനമേൽപ്പിച്ചു തുടങ്ങുമ്പോൾ
നമുക്ക് അക്ഷരങ്ങളിലേക്ക് മടങ്ങാം…
ഞാൻ നിനക്കും, നീ എനിക്കും
എഴുതൂ ഭ്രാന്തമായി …
……………………………..
നീ ഓർക്കുന്നുണ്ടോ ആ ഒറ്റയടിപാതകൾ ,നിന്നിലേക്കെത്താൻ
മാത്രം വിധിക്കപ്പെട്ടത് എന്ന് പറഞ്ഞവ.

ഇന്ന് അവയിൽ നിന്നും ദുർഗന്ധം
വമിക്കുന്നു , രക്തം പൂണ്ട കഴുകന്മാർ
വട്ടമിട്ടു പറക്കുന്നു ,അവിടങ്ങളിൽ ആരോ മരണപ്പെട്ടിരിക്കുന്നു ,
പാതകൾ വീണ്ടും വിജനമായിരിക്കുന്നു …
……………………………..
ഇരുൾ പെയ്തു തുടങ്ങുമ്പോൾ
പാതിരാ കിനാക്കളിൽ നങ്കൂരമിട്ട പേടകത്തിലേക്ക് നീങ്ങാം ….
മോഹങ്ങളിൽ ഒന്ന് വീതം
തിരഞ്ഞെടുത്ത് പേടക പായ്കളെ
അലസമായി സ്വതന്ത്രരാക്കാം…
ഋതുക്കൾ പുണരുമ്പോൾ സൂര്യൻ
മിഴി തുറക്കും , അവിടെ നമുക്കൊരു
പർണ്ണശാല തീർക്കാം മോഹങ്ങളെ പുതച്ചുറങ്ങുവാൻ …
……………………………..
‘ നാം ‘ എന്നത്
ഭൂത കാലത്തിൽ
മറക്കപെട്ടിരിക്കുന്നു…
……………………………..
കാട് പൂത്തതും
നിന്നെ എഴുതി
തുടങ്ങിയതും
വേനലിന്റെ ആദ്യ
ദിനങ്ങളിലാണ്…
……………………………..
വീണ്ടെടുക്കപെടാത്ത
പാനപാത്രങ്ങളിൽ
ആദ്യ ചുംബനവും
ബലി നൽകി
എത്ര വസന്തങ്ങളാണ്
നമുക്കിടയിൽ
ഉടലെടുത്തത്
അത്രമേൽ പ്രിയപ്പെട്ടവ…
……………………………..
ഒരു പക്ഷെ ആ കലാപ നാളുകളിൽ ആയിരിക്കും
വരണ്ട അധരങ്ങളിൽ മഞ്ഞ് പെയ്യുന്നത്
ഒരിക്കൽ കൂടി നാം നിശബ്ദമായി
പാലായനം തുടങ്ങുന്നത്…
……………………………..
അത്രമേൽ മനോഹരമായ
കഥകളിലാണ് വസന്തം
വന്നതും വേനൽ ഒരു
മഴ ദൂരം കാത്തിരുന്നതും…
……………………………..

കുറച്ചു പ്രൈവസി കാര്യങ്ങൾ

” IF YOU’RE NOT PAYING FOR THE PRODUCT , THEN YOU ARE THE PRODUCT “

സജീവമായികൊണ്ടിരിക്കുന്ന ചർച്ചയാണ് വാട്സ്ആപും പ്രൈവസിയും കൂടെ ചില മുറിവൈദ്യൻ മാരുടെ ചർച്ചകളും.സോഷ്യൽ മീഡിയയിൽ സജീവമായ ഭൂരിഭാഗം പേർക്കും അറിയാവുന്നതാണ് ഓൺലൈൻ പ്രൈവസി ഒരു മിത്ത് ആണെന്ന്.താത്വികമായ ഒരു അവലോകനത്തിലേക്ക് കടക്കാതെ ലളിതമായി ഇപ്പറഞ്ഞ കാര്യം ചിന്തിച്ചു നോക്കാം.ഓൺലൈൻ ബുജികൾ ഒരുപാടുള്ള ഇക്കാലത്ത് ഇതായിരിക്കും അഭികാമ്യം.

പ്രൈവസി, ഡേറ്റ ഇവയൊക്കെ പറഞ്ഞു തുടങ്ങുമ്പോൾ പലരും പറയുന്നതാണ് എന്റെ ഡിവൈസിൽ എന്ത് ഉണ്ടായിട്ടാണ് പാവം സുക്കർ നാണിച്ചു പോകും എന്ന പ്രസ്താവന.അല്ലയോ കൂട്ടുകാരാ ഫോണിലെ ഫോട്ടോയും വീഡിയോയും നോക്കാൻ ഇപ്പറഞ്ഞവരൊന്നും നമ്മുടെ ആത്മമിത്രങ്ങൾ അല്ല , അവർക്ക് വേണ്ടത് നമ്മളെയാണ് നമ്മുടെ വിരലുകൾ ചലിക്കുന്ന വേഗമാണ് , ഓരോ പ്രാവശ്യവും വിരലുകൾ തൊടുന്ന വിവരങ്ങൾ ആണ് എല്ലാത്തിനും ഉപരി നിങ്ങളുടെ വികാരങ്ങൾ ആണ്.വ്യക്തി എന്ന പ്രൊഡക്ട് വിറ്റഴിക്കുന്ന മാർക്കറ്റാണ് വൻകിട ഓൺലൈൻ കമ്പനികൾ.ചുരുക്കത്തിൽ ഡേറ്റ എടുക്കുന്നു എന്നാൽ ഗാലറിയിൽ കിടക്കുന്ന നിങ്ങളുടെ പേഴ്സണൽ വീഡിയോയും മറ്റും പോ**ഹബിൽ ഇടുന്നതല്ല.അവർക്ക് വേണ്ട ഡേറ്റ നമ്മളാണ് , ഡേറ്റ ബാങ്ക് പോലെ എപ്പോഴും വിവരങ്ങൾ നൽകുന്ന പാവം നമ്മുടെ വിരലുകൾ ഒന്നും അറിയുന്നില്ല എന്നു മാത്രം.

വാട്സ്ആപ് ഡേറ്റ എടുത്താൽ എന്താണ് പ്രശ്നം.? താൽപര്യം അനുസരിച്ച് പരസ്യം കാണിച്ചാൽ നല്ലതല്ലേ എന്ന് ചിന്തിച്ചു പോകുന്നത് സ്വാഭാവികം.ഇതേ കാര്യം ഫേസ്ബുക്ക് ടീം ചിന്തിച്ചത് പൈസ മുഖ്യം ബിഗിലേ എന്ന് ചേർത്ത് ആണെന്ന് മാത്രം.ഒന്നു അതിഭീകരമായി പറഞ്ഞാൽ , ഒരാൾ എന്തെങ്കിലും കാരണവശാൽ കല്യാണം എന്ന് സെർച്ച് ചെയ്തതിനു ശേഷം ഏതെങ്കിലും ഓൺലൈൻ പ്ലാറ്റ്ഫോമിൽ കോണ്ടം റെക്കമെൻഡ് ചെയ്ത് പരസ്യം വരുന്നത് ഓർത്തു നോക്കിക്കേ,എന്താലേ.

ഡിജിറ്റൽ യുഗത്തിൽ എന്തിനും ഏതിനും മൊബൈൽ അടക്കമുള്ള ഡിവൈസുകൾ ഉപയോഗിക്കുന്നവരാണ് ഭൂരിഭാഗം പേരും.അതുകൊണ്ട് തന്നെ ആ ഭാഗത്തെ ഒരു വിർച്വൽ ലോകം എന്ന് പറഞ്ഞാലും കുഴപ്പമില്ല എന്ന് തോന്നുന്നു. ഫേസ്ബുക്ക് പോലുള്ള കമ്പനികൾ കിരീടം വെച്ചിരിക്കുന്നതും ഇവിടെ തന്നെയാണ്.ഓരോ ടച്ചിലൂടെയും ഒരാളുടെ ജാതി മത രാഷ്ട്രീയ സാമൂഹിക ചിന്തകൾ അനലൈസ് ചെയ്തു വെച്ചിരിക്കുന്ന ഇത്തരം മീഡിയകൾ അതിനനുസരിച്ചുള്ള വിവരങ്ങൾ ന്യൂസ് ഫീഡിൽ കാണിക്കും.ഒരു പ്രശ്നം ഉണ്ടായി എന്ന് കരുതുക നിങ്ങൾ കൂറ് പുലർത്തുന്ന പ്രസ്ഥാനം ഒരു വശത് എതിർ വശത്ത് നിങ്ങൾക്ക് ഒട്ടും ഇഷ്ടമില്ലാത്ത ഒന്നും.ഈ ഒരു സാഹചര്യത്തിൽ നിങ്ങൾക്ക് ചായ്‌വ് ഉള്ള ഭാഗത്തെ വാർത്തകൾ അതിപ്പോൾ ശരിയാണ് എങ്കിലും തെറ്റാണ് എങ്കിലും ന്യൂസ് ഫീഡിൽ നിറയും.ഇതിന്റെ കൂടെ മറുഭാഗത്തെ വാർത്തകളും ഇടക്ക് കടന്നു വരും.തീർച്ചയായും ഇത് അയാളെ ചൊടിപ്പിക്കും.പതിയെ ആ വ്യക്തിയും അതിന്റെ ഭാഗമായി മാറും. ഇത് മൂലം നഷ്ടമാകുന്നത് ശരിയായ വശം മനസിലാക്കാൻ കഴിയാതെ വരുന്നതാണ്. ഒരുപരിധിവരെ നമ്മളെ നിയന്ത്രിക്കുന്നത് ഇത്തരം സോഷ്യൽ മീഡിയയിലെ ആക്ടിവിറ്റീസ് ആണ്.

ഇതിന്റെ മികച്ച ഉദാഹരണമാണ് കഴിഞ്ഞ വർഷം അവസാനത്തോടെ ബാംഗ്ലൂരിൽ നടന്ന മതകലാപം.

ഈ ഡേറ്റ എന്താണ്..? സെർച്ച് ഹിസ്റ്ററി , ലൊക്കേഷൻ വിവരങ്ങൾ, സ്റ്റാറ്റസ് അപ്ഡേറ്റ്, സെക്ഷ്വാലിറ്റി,ചിന്തകൾ, മൂഡ് സ്വിങ്ങ്സ്, രാഷ്ട്രീയം അങ്ങിനെ പലതും.ഇതൊക്കെ എങ്ങനെ കിട്ടും എന്നോർത്ത് തല പുകക്കണ്ട.ഒരു ദിവസത്തെ ഓൺലൈൻ ഉപയോഗം ഓർത്തെടുത്താൽ മാത്രം മതി.താക്കോൽ നമ്മൾ തന്നെയാണ്.ഞാനെന്താ പണമുണ്ടാകുന്ന മരമോ എന്ന് ഗൂഗിൾ ഫേസ്ബുക്ക് റെഡിറ്റ് അടക്കമുള്ളവരോട് ചോദിച്ചാൽ അവര് പറയും

“അതുക്കും മേലെ”.

ഇലക്ഷൻ തന്നെ മാറ്റി മറിക്കാൻ സോഷ്യൽ മീഡികയക്ക് കഴിയുമെന് Cambridge Analytica തെളിയിച്ചതാണ്.പ്രമുഖർ പറയുന്നത് പോലെ നിങ്ങൾ ഒരു പ്രൊഡക്ട് ഉപയോഗിക്കാൻ പണം നൽകുന്നില്ല എങ്കിൽ നിങ്ങൾ തന്നെയാണ് പ്രൊഡക്ട്. അൽഗോരിതങ്ങളാൽ നിർമിക്കുന്ന ഇത്തരം ഡേറ്റകൾ അഥവാ നമ്മുടെ നിഴലുകൾ തന്നെയാണ് വരും കാലത്തെ മുന്നോട്ടു നയിക്കുന്നത്.

ഒരു നിഴൽ പോലെ പിന്തുടരുന്ന, നിങ്ങളെക്കുറിച്ച് ഭൂരിഭാഗം വിവരങ്ങളും അറിയാവുന്ന ഒന്നിനെ നിങ്ങൾ ഇഷ്ടപ്പെടുമോ.

For reference

https://www.socialcooling.com

the social dilemma – documentry by Netflix

Facebook,Google..etc 😌😁

സംസാര|SAMSARA

Director: Pan Nalin
Writters: Pan Nalin,Tim Baker

Language: Tibetan,Ladakhi

Genres: Adventure, Drama, Romance

മൂന്ന് വർഷം നീണ്ട ഏകാന്ത ധ്യാനത്തിന് ശേഷം ലാമയായി തീർന്ന ടാഷിയുടെ മനസ്സിൽ ഭൗതിക ജീവിത ചിന്തകൾ കടന്നു വരുന്നു.ടാഷിക്ക് മൊണസ്ട്രിയിലെ ജീവിതം ദുസ്സഹമാകുന്നു.അങ്ങനെയിരിക്കെ വിളവെടുപ്പ് ഉത്സവത്തിനിടെ കാണുന്ന പെൺകുട്ടിയോട് ഇഷ്ടം തോന്നുന്നു.പിന്നീട് അങ്ങോട്ടുള്ള ടാഷിയുടെ ജീവിതം ആണ് സംസാര പറയുന്നത്.ആത്മിയതയും ലൈംഗികതയും കുറിച്ചുള്ള തിരിച്ചറിവാണ് സംസാര.

ഉടനീളം സ്ക്രീനിൽ തെളിയുന്ന ടിബറ്റൻ സംസ്കാരം പുതിയൊരു അനുഭവം ആയിരിക്കും കാഴ്ചക്കാരന് സമ്മാനിക്കുന്നത്.എന്നാൽ വളരെ പതുക്കെയുള്ള കഥപറച്ചിൽ രീതി ചിലർക്കെങ്കിലും മടുപ്പുളവാക്കുന്നതാണ്. കുടുംബത്തെ തിരസ്കരിച്ചു ഒരു രാത്രി നാടുവിട്ട സിദ്ധാർഥ രാജാവിനെ ശക്തമായി തന്നെ ചോദ്യം ചെയ്യുന്നുണ്ട് സിനിമയുടെ അവസാനം.പഴമയിലേക്ക് കടന്നു വരുവാൻ ശ്രമിക്കുന്ന പുതിയ കാലത്തിന്റെ മാറ്റങ്ങളും സിനിമ കാണിച്ചു തരുന്നു.ഏത് തരം ജീവിതം ആണെങ്കിലും അതിൽ വിജയം കണ്ടെത്താൻ പറഞ്ഞു വെക്കുന്നുണ്ട് സംസാര.ആയിരം ആഗ്രഹങ്ങൾ തൃപ്തിപ്പെടുത്തുന്നത് ആണോ അതോ ഒറ്റയൊന്നിനെ ജയിക്കുന്നത് ആണോ പ്രാധാന്യം അർഹിക്കുന്നത് എന്നൊരു ചോദ്യവും സിനിമ മുന്നോട്ടു വെക്കുന്നുണ്ട്

ആധ്യാത്മികജീവിതവും കുടുംബ ബന്ധങ്ങളുടെ ഊഷ്മളതയും ഒരു പോലെ കടന്നു വരുന്ന സിനിമയിൽ നഗ്ന രംഗങ്ങളും കടന്നു വരുന്നുണ്ട്.
കുറച്ചു ലാഗ് കുഴപ്പമില്ലാത്തവർക്ക് കണ്ടിരിക്കാം ടാഷിയുടെ സംസാര.

ഒരാൾക്ക് എങ്ങനെയാണ് ഒരു തുള്ളി വെള്ളം ഒരിക്കലും വറ്റാതെ കാത്ത് സൂക്ഷിക്കാൻ കഴിയുക?

അറിയാൻ പടം കാണുക..😃

എന്റെ സിനിമാ കാഴ്ചകൾ

സിനിമാ കാഴ്ചകൾ ഓർത്തെടുക്കുമ്പോൾ ആദ്യം വരുന്നത് മങ്ങിയ ഓർമ്മകളുള്ള സ്ക്രീനാണ്.ആദ്യമായി കാണുന്ന പടവും ആദ്യമായി തീയേറ്ററിൽ പോയി കാണുന്ന പടവും ഒന്നാണ് , മണിചേട്ടന്റെ വാസന്തിയും ലക്ഷ്മിയും.അക്ഷരങ്ങൾ പഠിച്ചു തുടങ്ങുന്ന കാലത്താണ് എന്ന് തോന്നുന്നു , കുടുംബത്തിലെ എല്ലാവരും ചേർന്ന് ഒരു സിനിമ കാണാൻ പോകുന്നത്.

പിന്നീട് അങ്ങോട്ട് പല സിനിമകളും കണ്ടുപോന്നു.ചെറുപ്പത്തിൽ മലയാളം സിനിമകൾ മാത്രം കൊണ്ടുവന്ന ഞാൻ ആദ്യമായി കാണുന്ന തമിഴ് ചിത്രം തുള്ളാത്ത മനമും തുള്ളും ആണ്.പിന്നീട് വളരെ കാലം വേണ്ടി വന്നു ഒരു ഇംഗ്ലീഷ് സിനിമ കാണാൻ.വലിയ വാർത്ത പ്രാധാന്യം നേടിയ conjuring 2 ആണ് ആദ്യമായി കാണുന്ന ഇംഗ്ലീഷ് മൂവിം അതും തിയേറ്റർ പ്രിന്റ്.ആദ്യമായി കണ്ട ഹിന്ദി സിനിമ ഡിഷ്യൂം ആണെന്ന് തോന്നുന്നു.സിനിമ കാഴ്ചകൾ മാറി വന്ന വർഷം.
ഒരു സീരീസ് കണ്ടു തുടങ്ങുന്നത് കോറിയൻ ഭാഷയിലെ ടണൽ സീരീസ് ആണ്.എല്ലാവരെയും പോലെ ഒരു മഹാത്ഭുതം കാണുന്നതും ലാസ്റ്റ് സീസണിനു വേണ്ടി ആദ്യമായി കാത്തിരുന്നതും ഗെയിം ഓഫ് ത്രോൺസിലാണ്.

പ്രായം കൂടുന്തോറും നമ്മുടെ കാഴ്ചപ്പാടുകൾക്കും മാറ്റം ഉണ്ടാകും.സിനിമ ആസ്വാദനത്തിന്റെ കാര്യത്തിലും അങ്ങനെ ആണെന്ന് തോന്നിയിട്ടുണ്ട്.പണ്ട് അവാർഡ് സിനിമകൾ എന്ന് മുദ്രകുത്തിയ ചിത്രങ്ങൾ ഇപ്പോൾ കാണുമ്പോൾ മികച്ചൊരു അനുഭവം ആയി മാറാറുണ്ട്.അത് പോലെ തന്നെയാണ് സിനിമ കാണാൻ ഇരിക്കുമ്പോൾ ഉള്ള മൂഡ്.അത്യാവശം അടിച്ചു പൊളി മൂഡിൽ ഇരിക്കുമ്പോൾ സ്ലോ നരേഷനിൽ പോകുന്ന മൂവി മടുപ്പിക്കും.എന്നാൽ വേറൊരു സാഹചര്യത്തിൽ ഇതേ പടം നല്ലൊരു കാഴ്ച സമ്മാനിക്കും.

ഓരോ ഭാഷാ സിനിമകളും ഒരു സംസ്കാരത്തിന്റെ ഭാഗമാണ്.അവയെ കൂടുതൽ അറിയാനും സിനിമകൾ നിമിത്തമാകും.നല്ല സിനിമകൾ നല്ല അനുഭവങ്ങൾ ആണ്. ഭാഷാ മതിലുകൾ കടന്നു ചെന്നു ആസ്വാദനം സാധ്യമാക്കുന്ന സബ്ടൈറ്റിലുകൾ ഒരു പുതിയ ലോകം ആണ് തുറന്നു തരുന്നത്.ഇവിടെ ഏറെ പ്രശംസ അർഹിക്കുന്നതാണ് മലയാളം സബ്ടൈറ്റിലുകൾ.മലയാളികളെ ഭാഷയുടെ അതിർവരമ്പുകൾ ഭേദിച്ച് സിനിമ ആസ്വാദനം സാധ്യമാക്കുന്നവർ.

സിനിമ ഒരു മാധ്യമം ആണ് പലരിലേക്കും കടന്നു ചെല്ലുന്ന , ചിരിപ്പിക്കുന്ന ചിന്തിപ്പിക്കുന്ന നൊമ്പരപ്പെടുത്തുന്ന , ചർച്ചകൾ സൃഷ്ടിക്കുന്ന ആശയങ്ങളുടെ സംഭരണി.

പ്രണയം

ചിലപ്പോഴൊക്കെ ഞങ്ങളുടെ
പ്രണയം അതിന്റെ മുഴുവൻ
സൗന്ദര്യവും പ്രകടമാക്കും.
അപ്പോഴെല്ലാം അനിയന്ത്രിതമായി സംസാരിക്കുകയും ഇടവേളകളിൽ , നീണ്ടുനിൽക്കാത്ത മൂകതയിലേക്ക്
വഴുതി വീഴുകയും ചെയ്യും.

എഴുത്തിലെ പ്രേമം  കവർച്ച
ചെയ്തു ഞങ്ങളുടെ
പ്രണയസൗധം നിർമ്മിക്കും.
ആരോ ആദ്യ
പ്രണയത്തിന്റെ ലഹരിയിൽ
പടുത്തുയർത്തിയ കവിതകളിലൂടെ
ലോകം ചുറ്റും.

നക്ഷത്രങ്ങളിലെ കമിതാക്കളെ
ഒരു വട്ടം നോക്കി
ചിരിക്കും.
ഞങ്ങളിരുവരാൽ രാവിന്റെ
നിശബ്ദത ദാരുണമായി
കൊല്ലപ്പെടും.

ഈ സമയങ്ങളിൽ എല്ലാം
പുറത്ത് അലസമായി
മഴ പെയ്ത് തോരും.
ഒരു ചെറു ചിരിയോടെ
ഞാനെന്റെ സ്വപ്നത്തെ
ഒരിക്കൽ കൂടി
മറന്ന് തുടങ്ങും….

നാ : കുലം

ഞാൻ ആദ്യമായി കാണുമ്പോഴും ആ നായ അയാളുടെ കൂടെ ഉണ്ടായിരുന്നു. കഴുത്തിൽ മനോഹരമായ ബെൽറ്റണിഞ്ഞ് തികച്ചും സ്വതന്ത്രനായി പൊന്നൻ എന്ന് വിളിപ്പേരുള്ള അയാളുടെ ഒപ്പം നാട് മുഴുവൻ ചുറ്റുന്ന ഒരു നായ.ദിനവും മുടങ്ങാതെ ഉള്ള ആ നടത്തം അവരുടെ ആത്മബന്ധം വെളിപ്പെടുത്തിയിരുന്നു.പിന്നീട് പലവട്ടം ആ കാഴ്ച എന്നെ തേടി എത്തിയിരുന്നു.നായയും പൊന്നനും ഒരു ദിവസമാണ് പിറന്നതെന്നും അതല്ല രണ്ടു പേരും ഒരു വയറ്റിൽ നിന്നും വന്നതാണെന്നും നാട്ടുകാർ അടക്കം പറഞ്ഞു.ഇതൊന്നും കേൾക്കാൻ നിൽക്കാതെ അവരുടെ സൗഹൃദം നീളൻ പാതകൾ പോലെ അനന്തമായി നീണ്ടു കിടന്നു.ഒരിക്കൽ പൊന്നന്റെ ജോലിക്കാരിൽ ഒരുവനാണ് എന്നോട് പഴയ കഥകൾ പറഞ്ഞത് പൊന്നൻ ഞങ്ങളുടെ നാട്ടുകാരൻ അല്ലത്രേ.കോട്ടയത്ത് നിന്ന് ജീവിക്കാൻ വേണ്ടി കാട് കയറിയതാണ് പൊന്നൻ.അധ്വാനം കൊണ്ട് ഇപ്പോൾ സ്വന്തമായി തോട്ടവും തടി മില്ലും അടക്കം പലതും നേടി.ഭാര്യക്ക് എന്തൊ അസുഖമാണ് കൂടെ എപ്പോഴും ഒരാൾ വേണം.മക്കൾ കല്യാണം എല്ലാം കഴിഞ്ഞ് നല്ല നിലയിലാണ്.വീട്ടിൽ ഇപ്പോൾ പൊന്നനും സന്തസഹചാരി നായയും ഭാര്യയും കുറച്ചു ജോലിക്കാരും മാത്രമേയുള്ളൂ.
നാട്ടുകാർ രാവിലെ തന്നെ ചായപീടികയിൽ കൂടി പരസ്പരം പുളു പറഞ്ഞു.പൊന്നനും നായയും അവരുടെ സ്ഥിരം വിഷയങ്ങളിൽ ഒന്നായി തുടർന്നു.
ആ പട്ടി അയാളുടെ കൂടെ ആണ് കഴിക്കുന്നത് -കഴിഞ്ഞ ദിവസം അയാളുടെ വിട്ടിൽ പോയ രവി പറഞ്ഞു തുടങ്ങി.
രണ്ടു പേർക്കും ഏകദേശം ഒരു പോലുള്ള പാത്രങ്ങൾ.ആ പട്ടിയുടെ മുന്നിൽ ഒരു ഒന്ന് ഒന്നര കിലോ ഇറച്ചി കാണും ഹോ കാണേണ്ട കാഴ്ച തന്നെയാണ്.എന്നെ കണ്ടതും ആ പട്ടി ഒരു കൊരയും ചാട്ടവും എന്റെ നല്ല ജീവൻ പോയി.ഒടുക്കം പൊന്നൻ വിളിച്ചപ്പോളാണ് അടങ്ങിയത്.
അയാൾക്ക് അറപ്പ് തോന്നില്ലേ പട്ടിയുടെ കൂടെ കഴിക്കാൻ,വർക്കി തന്റെ അമർഷം അറിയിച്ചു.മുതലാളിമാർക്കൊക്കെ എന്ത് നോട്ടം , അവര് ഒരുമിച്ചാ കുളിക്കുന്നത് എന്ന ഒരു ജോലിക്കാരൻ എന്നോട് പറഞ്ഞത് ,കൂട്ടത്തിൽ ഒരാൾ പറഞ്ഞു വെച്ചു.എന്നാൽ ഇതെല്ലാം തെളിയിക്കാൻ പോന്ന തെളിവുകൾ അന്യമായിരുന്നു.എന്നാലും വാമൊഴിയായി കഥകളെല്ലാം പ്രചരിച്ചു.അക്കൂട്ടത്തിൽ പുതിയതായിരുന്നു പൊന്നന്റെ മക്കൾ തങ്ങളുടെ ഓഹരിയും മേടിച്ച് അയാളെയും ഭാര്യയെയും കൈയ്യൊഴിഞ്ഞു എന്നത്.ഓ അതിനിപ്പോ എന്താണ് ഇട്ട് മൂടാനുള്ള പണം ഇനിയും കാണുമെന്ന് നാട്ടുകൂട്ടം അടക്കം പറഞ്ഞു.ഇതിന് ശേഷവും അവരുടെ നടത്തത്തിന് മുടക്കം വരാത്തതിൽ ചിലർ പുതിയ കഥകൾ മെനഞ്ഞു.പക്ഷേ കുറച്ചു നാളുകൾക്ക് ഇടയിൽ പതിവ് കാഴ്ചകൾ മാറി തുടങ്ങി.നാട്ടുകാരുടെ ദിനചര്യയുടെ ഭാഗമായ ആ സൗഹൃദത്തിന്റെ ഇടവേളകൾ കൂടി.പതിയെ ഒരു അനാഥമായ ഒരു വിടവ് അവിടെ രൂപപ്പെട്ടു.മേഘം കറുത്തു കൂടിയ പകലുകളിൽ ഒന്നിൽ പൊന്നന്റെ വീടിന് മുന്നിൽ ഒരു കരിങ്കൊടി കാറ്റിനൊപ്പം പാറി.
“അറിഞ്ഞോ നമ്മുടെ പൊന്നൻ മരിച്ചു “ചായപീടികയിൽ ആദ്യം എത്തിയ വ്യക്തി കൊണ്ടുവന്ന മൂകത ആ ദിവസം മുഴുവനും അവിടെ തങ്ങി നിന്നു.ചടങ്ങുകൾ കഴിഞ്ഞു മക്കൾ മടങ്ങി.പൊന്നന്റെ ഭാര്യയും കുറച്ചു ജോലിക്കാരും അവശേഷിക്കുന്ന ഗന്ധങ്ങളിൽ യജമാനനെ തേടുന്ന നായയും വീട്ടിൽ ബാക്കിയായി.
ഇനി ആ പട്ടി എന്ത് ചെയ്യും എന്ന ചിന്ത നാട്ടിൽ ചോദ്യചിഹ്നമായി.അസുഖം വീണ്ടും കൂടിയപ്പോൾ പൊന്നന്റെ ഭാര്യയെ മക്കൾ കൊണ്ട് പോയി.ഓർമ്മകളുടെ അവശേഷിപ്പായി പൊന്നന്റെ നായ വരാന്തയിൽ അനാഥനായി കിടന്നു .പഴയ ജോലിക്കാരിൽ ചിലർ ഇടക്ക് ഭക്ഷണം നൽകി, പതിയെ അതും നിലച്ചു.പൊന്നന്റെ നായ നാട്ടിൽ വീണ്ടും പ്രത്യക്ഷപ്പെട്ടു . ഭക്ഷണത്തിന്റെ മണം വന്നിടത്തൊക്കെ പ്രതീക്ഷയോടെ നോക്കി , പരാജയപ്പെട്ടപ്പോൾ തിരിഞ്ഞു നടന്നു.നാളുകൾക്ക് ശേഷം ചായപീടികയിൽ ഇരിക്കുമ്പോൾ ആരോ ഒരു അറിയിപ്പ് പോലെ അറിയിച്ചു ” നമ്മുടെ പൊന്നന്റെ പട്ടിയെ ഓർക്കുന്നുണ്ടോ , പൊന്നൻ മരിച്ചതിന് ശേഷം പാവം അത് തെണ്ടി പട്ടികളുടെ കൂടെ ആയിരുന്നു നടപ്പ് . കഴിഞ്ഞ ദിവസം ആരോ അതിനെ തല്ലി കൊന്നു “.

🅔🅜🅥

മഴയോർമ്മകൾ


ഇതെഴുതാൻ തുടങ്ങുമ്പോൾ മഴ പെയ്യുവാൻ തുടങ്ങുന്നു എന്നറിയിച്ച് ഇവിടെ ആകാശം ആകെ ഇരുണ്ട് കൂടി.ചെറിയ രീതിയിൽ ഇടിയും കൂടെ തോറിന്റെ ഉറ്റതോഴൻ മിന്നലും വരാൻ പോകുന്ന മഴ നിമിഷങ്ങൾക്ക് വരവേൽപ്പ് നൽകി.മഴ വല്ലാത്തൊരു സംഭവം ആണല്ലേ,ഇക്കണ്ട വെള്ളം മുഴുവൻ മുകളിൽ നിന്ന് താഴേക്ക് നമ്മുടെ ന്യുട്ടന്റെ ഗുരുത്വാകർഷണ നിയമം അനുസരിച്ച്.ഇനിയിപ്പോ ഈ പറയണ ആകാശത്തിന് വല്ല തുളയും ഉണ്ടാകുമോ അല്ല എജ്ജാതി പെയ്ത്താണ് എന്റിഷ്ടാ.എന്ന് തലയും പുകച്ചിരിക്കണ സമയത്താണ്, വർഷങ്ങൾക്കു ശേഷം മൂന്നിലോ നാലിലോ അഞ്ചിലോ വെച്ച് ആ ഇമ്മണി ബല്യ മഴയുടെ രഹസ്യം എന്റെ മുന്നിൽ ചുരുളഴിയുന്നത്.അപ്പോൾ തന്നെ അതങ്ങട് മനപാഠമാക്കി, മറന്ന് പോകരുതല്ലോ.
ബാല്യത്തിൽ ആയിരിക്കും നമ്മൾ മിക്കവരും തന്നെ കൂടുതലായും മഴ നനഞ്ഞിരിക്കുന്നത്.വളർന്ന് കഴിഞ്ഞു, ഞാൻ പക്വത വന്ന വ്യക്തിയായി എന്നറിയിക്കാൻ പല നിഷ്കളങ്കമായ പ്രവൃത്തിയും കളയുന്ന കൂടെ പലരും മഴ നനയലും മറന്ന് കാണും.എന്തൊക്കെ തന്നെ പറഞ്ഞാലും മഴ പോലെ നൊസ്റ്റാൾജിയ തരുന്ന വേറൊന്നും നമുക്ക് ചുറ്റും കാണാൻ തരമില്ല.മാറി വരുന്ന ഋതുക്കളിൽ വർഷക്കാലം തരുന്ന , തണുത്ത, നനവാർന്ന ചില ഓർമ്മകൾ മിക്കവരുടെയും സുന്ദരമായ ഇന്നലെകളിൽ കിടപ്പുണ്ടാകും.
മഴയും അതിന്റെ ശബ്ദവും മണവും നനവും ജീവൻ തുടിക്കുന്ന കഥകളാണ്.നിത്യ ജീവിതത്തിൽ ഇരുണ്ട് കൂടിയ അപൂർവം ചില മരണങ്ങളേ ഞാൻ കണ്ടിട്ടുള്ളൂ.അതൊക്കെ തന്നെ മഴനീർ തുള്ളികളെ തീവ്രമായി ആഗ്രഹിച്ചു അകാലത്തിൽ പൊലിഞ്ഞ ജീവനുകൾ ആയിരിക്കും എന്ന് ആ മഴ നോക്കി നിൽക്കുമ്പോൾ എനിക്ക് തോന്നിയിട്ടുണ്ട്.ആദ്യ തുള്ളി വീഴുമ്പോൾ കൂട്ടത്തിലെ കാരണവർ ചുറ്റും കൂടി നിൽക്കുന്നവരോടായി പറയും ,കണ്ടോ പ്രകൃതി പോലും മൂടിയത് ഓള് ഭാഗ്യം ചെയ്ത ജന്മം ആടോ.മഴയുടെ മണം അതിനങ്ങനെ ദേശവും ഭാഷയും ഒന്നും ഇല്ല.പുതുമഴ വരണ്ട് കിടക്കുന്ന മണ്ണിൽ പതിക്കുമ്പോൾ ഉയരുന്ന പുതുമണം മുതൽ പിന്നങ്ങോട്ട് പല സുഗന്ധങ്ങൾ.മഴയുടെ പുതുമണം ആസ്വദിക്കാൻ നിങ്ങൾ ശ്രമിച്ചിട്ടുണ്ടോ.അതൊരു പ്രതീക്ഷ ആണ് , വരണ്ട് കിടക്കുന്ന മൺകട്ടകളിൽ നിന്ന് വസന്തത്തിലേക്ക്.മഴ നനഞ്ഞ ബാഗിൽ, പേനകൊണ്ട് ഭാവി രചിച്ച ബുക്കുകളിലെ നനഞ്ഞ പേപ്പറുകൾ.നനവാൽ കൂടിയമർന്ന കടലാസുകളിൽ മഷി ചേർന്ന വാസന ഉണ്ടാകും ഉണങ്ങും വരെ.വീട്ടുകാർ മുതൽ കൂട്ടുകാർ വരെ ചീത്ത വിളിക്കുന്ന അസഹനീയമായ നനഞ്ഞ സോക്സ്.വരവേൽപ്പിന് വർഷാവർഷം മേടിക്കുന്ന പുതിയ കുടശീലയുടെ ഗന്ധം.ചേമ്പിന്റെ ഇലപോലെ ആദ്യ മഴയും ചെറിയൊരു നാണത്തോടെ വഹിച്ചു കുടകൾ.കുടയുടെ അകത്തളങ്ങളിൽ മഴ നുകരുന്ന ,ഇനിയും മോഡേൺ ആകാത്ത നിഷ്കളങ്കരായ കമിതാക്കൾ.അങ്ങനെ എത്ര എത്ര നിമിഷങ്ങൾ……
കയ്യിൽ കട്ടനും പിടിച്ചു മാനത്ത് നോക്കി പ്രവചനങ്ങൾ നടത്തുന്ന നാട്ടുമ്പുറം ചായകടകൾ.മണ്ണിൽ മഴത്തുള്ളി വീഴുന്ന നിമിഷം കുളത്തിലേക്ക് ചാടാൻ നിൽക്കുന്ന പുറത്ത് ആകെ കറുത്ത പാടുകളുള്ള ചെറിയ തവളകൾ.നേരം ഇരുട്ടിയാൽ സ്വന്തം ശബ്ദം മാധുര്യം
പാടി അറിയിക്കുന്ന അവക്കും പറയുവാൻ ഉണ്ടാകും അവരുടെ മാത്രം രഹസ്യമായ നിമിഷങ്ങൾ.മഴയെ നാം അറിയുന്നതിനും അപ്പുറം മഴ നമ്മെ അറിയുന്നുണ്ടാകാം അല്ലെങ്കിൽ ആ രണ്ടു അക്ഷരങ്ങൾ നമുക്കിത്രമേൽ പ്രിയങ്കരമായ ഓർമ്മകൾ സമ്മാനിക്കില്ലല്ലോ………

ഇവിടെ മഴ പെയ്യുവാൻ തുടങ്ങിയിരിക്കുന്നു ….. ഓർമ്മകൾ ഇവിടെ ബാക്കി വെച്ച് അവയിലേക്കു ഞാൻ പുതിയ മഴയോർമ്മകൾ ചേർത്ത് വെയ്ക്കട്ടെ……..❣️

®£MV